വിപണി വിപുലപ്പെടുത്തുന്നതിനായി കയര്‍ഫെഡ് കേരളത്തിനു വെളിയില്‍ കൂടുതല്‍ വില്‍പ്പന ശാലകള്‍ തുറക്കാനും പുതിയ ഏജന്റുമാരെ നിയമിക്കാനും തീരുമാനിച്ചു. നിദ്രാവിഹീനര്‍ക്കും പ്രായം ചെന്നവര്‍ക്കും സുഖകരമായ ഉറക്കം പ്രദാനം ചെയ്യുന്ന കിടക്കകളും തടുക്കുകളും ഉള്‍പ്പെടെ നൂതവും വൈവിധ്യമേറിയതുമായ ഉല്‍പന്നങ്ങളുടെ വിപണി വിപുലീകരിക്കുകയാണ് ലക്ഷ്യം.
കയറിന്റെ ഉല്‍പാദനമുള്ള സംസ്ഥാനങ്ങളായ കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവടങ്ങളിലും ഏജന്റുമാരെ നിയമിച്ച് കേരളത്തിനുവെളിയില്‍ കൂടുതല്‍ മേഖലകളിലേക്ക് കടന്നുകയറുകയാണ് ലക്ഷ്യമിടുന്നതെന്ന് റവന്യു കയര്‍ വകുപ്പു മന്ത്രി ശ്രീ അടൂര്‍ പ്രകാശ് പറഞ്ഞു. കേരളത്തിനു വെളിയില്‍ ഏജന്റുമാരെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും എത്ര പേരെയാണെന്ന കാര്യം നിശ്ചയിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ കയര്‍ഫെഡ് ഇന്ത്യയിലുടനീളം 52 ഷോറൂമുകളും നൂറിലേറെ ചെറുകിടവില്‍പന ശാലകളും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. 152 ഏജന്റുമാരും കയര്‍ഫെഡിനുണ്ട്. ഇതുകൂടാതെ ഡല്‍ഹി, ഗുജറാത്ത്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവടങ്ങളിലും ഷോറൂമുകള്‍ തുറക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇതുവരെയും വേണ്ടത്ര ഉപയോഗിക്കപ്പെടാത്ത ആഭ്യന്തര വിപണിയെ കാര്യക്ഷമമായി ഉപയോഗിക്കേണ്ടത് അത്യാവശ്യമാണെന്ന് കയര്‍ സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് പറഞ്ഞു. കേരളത്തിന്റെ കയറുല്‍പന്നങ്ങള്‍ സംസ്ഥാനത്തിനു വെളിയില്‍ ജനകീയമാക്കുന്നതിനായി കൂടുതല്‍ വില്‍പനശാലകള്‍ തുറക്കുന്നതിനും ഏജന്റുമാരെ നിയമിക്കുന്നതിനുമൊപ്പം റോഡ് ഷോകള്‍ സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
കേരളത്തിലെ കയര്‍ സഹകരണ സംഘങ്ങളുടെ അപ്പെക്‌സ് ബോഡിയായ കയര്‍ഫെഡ് കയര്‍ കേരള 2014ല്‍ തങ്ങളുടെ ഉല്‍പന്നവൈവിധ്യം പ്രദര്‍ശിപ്പിക്കുന്നതിന് സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്. കയര്‍ഫെഡിന്റെ ഇപ്പോഴത്തെ അടിസ്ഥാനസൗകര്യങ്ങളും അടിയുറച്ച വിതരണശൃംഖലയും പരിചയസമ്പന്നമായ ആള്‍ശേഷിയും പ്രവര്‍ത്തന വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതകള്‍ തുറന്നിടുന്നതായി മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി.ശ്രീകുമാര്‍ പറഞ്ഞു.
കയര്‍ഫെഡിന് നിലവില്‍ റബറൈസ്ഡ് കയര്‍ ഉല്‍പന്നങ്ങളും റബര്‍ ബാക്കിംഗ്, പിവിസി ടഫ്റ്റഡ് യൂണിറ്റുകളും കേരളത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള നാല് തൊണ്ടുതല്ലല്‍ കേന്ദ്രങ്ങള്‍ ചികിരിനാരിന്റെ ശേഖരണത്തിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത് . ഇതുകൂടാതെ നാളികേര വികസന ബോര്‍ഡുമായി നാര് സംഭരണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കാന്‍ ചര്‍ച്ച പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിനു വെളിയില്‍ വിപണി ശക്തിപ്പെടുത്താനായി ചികിരി നാരും ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട തന്ത്രങ്ങള്‍ വികസിപ്പിച്ചുവരികയാണ്.
നവജാതശിശുക്കള്‍ മുതല്‍ മുതുമുത്തച്ഛന്മാര്‍ വരെ ഏതു പ്രായക്കാര്‍ക്കും അനുയോജ്യമായ ഉല്‍പന്നങ്ങളുടെ വലിയൊരു നിരയാണ് കയര്‍ഫെഡിന്റെ സ്റ്റാളില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ വ്യത്യസ്ത അഭിരുചികള്‍ക്കിണങ്ങും വിധത്തില്‍, കയറും ചണവും ഉപയോഗിച്ചുള്ള തടുക്കുകളുടെ വലിയ നിരതന്നെ ഒരുക്കിയിട്ടുണ്ടെന്ന് ഡോ ബി.ശ്രീകുമാര്‍ പറഞ്ഞു. 'മുത്തം കിടക്ക', 'പൊന്നൂഞ്ഞാല്‍', മൃദുവായ തടുക്കുകള്‍, കുട്ടികള്‍ക്കുള്ള കിടക്ക, പിവിസി സ്റ്റഫ്ഡ് മാറ്റുകള്‍ തുടങ്ങിയ വിവിധ ഉല്‍പന്നങ്ങള്‍ വലിയതോതില്‍ ആളുകളെ ആകര്‍ഷിക്കുന്നുണ്ട്.
റബറുകൊണ്ടു പൊതിഞ്ഞ ഫോം ബെഡാണ് മുത്തം കിടക്ക. കുട്ടികളെ കുളിപ്പിക്കാനുപയോഗിക്കുന്ന ഇവ കഴുകാവുന്നവയാണ്. മുപ്പിരി കയര്‍ ഉപയോഗിച്ചു നിര്‍മിച്ചിട്ടുള്ളതാണ് പൊന്നൂഞ്ഞാല്‍. ഓണക്കാലത്തും മറ്റും ഊഞ്ഞാല്‍ കെട്ടാനായി ഉപയോഗിക്കുന്നതാണിത്. ഗുണനിലവാരത്താലും ബലത്താലും ഏറെ പ്രശസ്തമാണ് മുപ്പിരി കയര്‍. ഗാഢനിദ്രക്കു സഹായകമായ തരത്തില്‍ കയര്‍ സ്പ്രിംഗുകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ള കിടക്കകള്‍ പുറംവേദനയും കാല്‍വേദനയും മറ്റും തടയുന്നതിനാല്‍ പ്രായംചെന്നവര്‍ക്കും മറ്റും ഏറെ ഉപകാരപ്രദമാണ്. ഏറെ സുഖകരമായ കുട്ടികള്‍ക്കുള്ള കിടക്കയും കയര്‍ഫെഡ് സ്റ്റാളിലുണ്ട്.
മറ്റ് പ്രകൃതിജന്യ നാരുല്‍പന്നങ്ങളില്‍ നിന്നും മറ്റുമുള്ള മല്‍സരത്തെ ഫലപ്രദമായി നേരിടാന്‍ ഉല്‍പന്ന വൈവിധ്യത്തിലൂടെ സാധിക്കുമെന്ന് ഡോ ബി.ശ്രീകുമാര്‍ പറഞ്ഞു. പ്രകൃതിസൗഹൃദപരവും ജൈവീകനാശം സംഭവിക്കുന്നതുമായ ഉല്‍പന്നങ്ങളിലൂടെ വികസനപ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനാണ് കയര്‍ഫെഡ് ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം കയര്‍ ഉപയോഗിച്ചുള്ള ആഭരണങ്ങളും പൂക്കളും മറ്റും കയര്‍ഫെഡ് അവതരിപ്പിച്ചിരുന്നു.
കോക്കോഫെര്‍ട്ട്, കോക്കപ്ലസ്, കോക്കോജിയോഫാബ്രിക്, ഡസ്റ്റൗട്ട്, ഡീപ്സ്ലീപ് തുടങ്ങിയ ബ്രാന്‍ഡ് പേരുകളിലാണ് കയര്‍ഫെഡ് ഉല്‍പന്നങ്ങള്‍ വിപണിയിലെത്തുന്നത്. കയറിന്റെയും കയര്‍ ഉല്‍പന്നങ്ങളുടെയും ഉല്‍പാദനത്തില്‍ ശ്രദ്ധിക്കുന്നതിനൊപ്പം കേരളത്തിലെ കയര്‍ സഹകരണസംഘങ്ങള്‍ ഉല്‍പാദിക്കുന്നവയുടെ വിപണന ഏജന്‍സിയും കയര്‍ഫെഡാണ്.
No comments:
Post a Comment